Friday, 19 March 2010

പൊഹ
സമയം വ്യക്തമായി ഓർമ്മ ഇല്ല, ഒരു പൊഹ പടലം പോലെ ഭൂത കാലം തെളിയുന്നു. ഞാൻ ഏകദേശം ഏഴോ എട്ടോ വയസ്സുള്ള ബാലൻ. ഇല്ലത്തെ പടിയിൻമേൽ ബസ്സു ഉരുട്ടി ക്കളിക്കുകയാണെന്നു തോന്നുന്നു.(അത് ആവാനേ വഴി ഉള്ളൂ. കാരണം അന്ന് ആകെ ലോകത്തിൽ ആകർഷകമായുള്ളത് ബസ്സ് മാത്രം ആണല്ലോ.)ഗുരുവായൂരി നിന്നും ആരോ ആർക്കോ വാങ്ങിക്കൊടുത്ത ഐശ്വര്യ മുള്ള, ഒരു മരം കൊണ്ടുള്ള, ട്രാൻസ്പോർട്ട് ബസ്സ്. അത് പിന്തുടർച്ചാവകാശത്തിൽ എനിക്കു കിട്ടിയതാവാം.ഈ കാലങ്ങളിൽ മുഴുമൻ ഞാൻ ഇല്ലത്ത് ഒറ്റയ്ക്കായിരുന്നല്ലൊ….(അത് പിന്നീട്(ഒരു പത്തു കൊല്ലം) കഴിഞ്ഞിട്ടാണെങ്കിൽ ആ ട്രാൻസ്പോർട് ബസ്സ് അനാധനാവുമായിരുന്നില്ല.). പടിഞ്ഞാറെലയിലൊ,വടക്കെ പൊടിയാട്ടിലെയോ, കോലായിൽ ഇപ്പോളും ആ ബസ്സു ഉരുളുന്നുണ്ടാവും. അതു പോകട്ടെ. അതും പറഞ്ഞ് ഇനി ഇപ്പൊൾ അങ്ങോട്ടു കയറിച്ചെല്ലാൻ പറ്റില്ലല്ലോ?ബസ്സിനു പകരം വേറെ വല്ലതും ഓടിക്കാൻ...അപ്പൊ പിന്നെ പൊത്തിംകൊണ്ടിരിക്ക്യന്നെ.
ഇതാണു പ്രശ്ശ്നം. ഇപ്പൊൾ എന്തായീ? ബസ്സിൽനിന്നും തുടങ്ങി പടിഞ്ഞാറെയിൽ എത്തി.ഇങ്ങനെ ആണെങ്കിൽ നമ്മുടെ കാരണവന്മാരെ കുറ്റം പറയാൻ നമുക്കെന്തർഹത? ആവർ ബസ്സിറങ്ങി നടന്നു പടിഞ്ഞാറെയിൽപ്പോയി എന്നു മാത്രം.
അപ്പോൾ വീണ്ടും കാര്യത്തിലേക്കു കടക്കാം.ബസ്സു പൂമുഖത്തിലെ ഉമ്മറപ്പടിയിലെ ഗട്ടറുകളിലൂടെ അതി വേഗം ചലിച്ചു കൊണ്ടിരിക്കുകയാണ്.ഒപ്പം ഞാനും. ബസ്സ് ഓടിച്ച് എത്തിയത് ഉമ്മറപ്പടിയിൽ ഇരുന്ന് ആർക്കോ വേണ്ടി ബീഡി വലിക്കുന്ന അഛന്റെ അടുത്ത്.
ബസ്സ് സഡൻ ബ്രെയ്ക്കിട്ടു. അതിനോടനുബന്ധിച്ചുള്ള ഒരു വ്രുത്തി കെട്ട ശബ്ദവും ഉണ്ടാക്കി.ഗാഡ്ഡ ചിന്തയിലായതുകൊണ്ട് അഛൻ ഇതൊന്നും അറിഞ്ഞില്ല. വീട്ടിൽ ഉള്ള അഛൻ എന്നതു ഒരു അപൂർവ്വ പ്രക്രിയയായതുകൊണ്ട് ഞാൻ കുറച്ചു നേരം അഛനെ നോക്കി നിന്നു. പുക പുക യായ് മൂക്കിലൂടെയും,വായയിലൂടെയും പുറ്ത്തേയ്ക്കു വിട്ടുകൊണ്ടിരിക്കുന്നു.“ഞാനും വലുതായാൽ ഇതു പൊലെ ബീഡി വലിക്കും.”മനസ്സിൽ വിചാരിച്ചു.“ഏപ്പൊളാണു വലുതാവുക?മീശ വന്നാൽ,മുണ്ടു ചിറ്റാൻ തുടങ്ങിയാൽ,റേഡിയൊ ന്യൂസ് എപ്പോളും കേൾക്കാൻ തുടങ്ങിയാൽ,രാത്രിയിൽ ചൂട്ടും കത്തിച്ചു വരാൻ തുടങ്ങിയാൽ……അപ്പൊ വലുതാവും.” ലൂസായ ട്രവുസർ ചരടിലേയ്ക്കു വലിച്ചു കയറ്റി ത്തിരുകി വീണ്ടും വണ്ടി സ്റ്റാർട്ടാക്കി ഗിയറും മാറ്റി മുന്നോട്ടു പോയി.
പെട്ടെന്നാണ് അഛൻ വന്നാൽ ചോദിയ്ക്കണം എന്നു വിചാരിച്ച കാര്യം മനസ്സിൽ വന്നത്. ബസ്സു വലിച്ചെറിഞ്ഞ് പുകപടലങ്ങളിൽ ഇരിക്കുന്ന അഛന്റെ അടുത്തെയ്ക്കു ചെന്നു.

“അഛാ…ഈ കാറ്റ് ഉണ്ടാവുന്നത് എങ്ങനെയാ?”
പുകപടലങ്ങളിൽ നിന്നും എന്തൊ രസകരമായത് കേട്ടതു പോലെ അഛൻ ചോദിച്ചു.
“എന്താ ചോദിച്ചത്?“
“ഈ കാറ്റ് ഉണ്ടാവുന്നത് എങ്ങനെയാ, ന്നാ?”
അഛൻ വികാരാധീനനായി എന്തൊക്കെയൊ പിറു പിറുത്തു.കുറേ ആംഗ്യവും കാണിച്ചിരുന്നു. ആദ്യം ഒക്കെ ശ്രദ്ദ്ധിയ്ക്കാൻ നോക്കി. പിന്നീട് ബസ്സ് സ്റ്റാർട്ടാക്കി ഗിയറിൽ ഇട്ടു ഞാൻ എന്റെ വഴിക്കു വിട്ടു.
വർഷങ്ങൾക്കു ശേഷം കോളേജിൽ പഠിയ്ക്കുംബോൾ ആണ് അന്നു അഛൻ പറഞ്ഞതെന്താണെന്നു മനസ്സിലായത്, ഒരു ചെറിയ പൊതിയിൽക്കിട്ടുന്ന സാധനം ബീഡിയുടെ കൂടെ ചേർത്ത് വലിച്ചപ്പോൾ….